മഹത്തായ ഭാരത പൈതൃകത്തിന്റെ അമൂല്യമായ മുത്തുകൾ പെറുക്കി വയ്ക്കാൻ ഒരു എളിയ ശ്രമം

Wednesday, April 11, 2012

ആവശ്യത്തിനുപകരിക്കാത്ത വിജ്ഞാനം



ഗ്രന്ഥത്തിന്റെ ഏടുകളിൽ കാണുന്ന വിജ്ഞാനവും
അന്യന്റെ പണപ്പെട്ടിയിലെ ധനവും
ഉപയോഗശൂന്യം തന്നെ
ഈ വിജ്ഞാനം ആവശ്യം വരുമ്പോൾ ഓർമ്മ വരില്ല
ഈ ധനം ആവശ്യം വരുമ്പോൾ ഉപകാരപ്പെടുകയുമില്ല
         പ്രായോഗിക ജീവിതത്തിൽ എപ്പോഴും ഓർത്തിരിക്കേണ്ട കാര്യമാണിത്.   വിജ്ഞാനത്തിന്റെ ധർമ്മം പ്രയോഗത്തിൽ ഉപയോഗപ്പെടുകയെന്നതാണ്.  അറിവ് എത്രയധികം ഉണ്ടെങ്കിലും ആവശ്യമുള്ള സമയത്ത് ഓർമ്മയിൽ വന്നില്ലെങ്കിൽ അത് പ്രയോജനപ്പെടുകയില്ലല്ലോ.  അതുപോലെ തന്നെയാണ് കൂട്ടിവച്ചിരിക്കുന്ന ധനവും അന്യന്റെ കൈയിലിരിക്കുന്ന ധനവും. 
    അർത്ഥശാസ്ത്രത്തിന്റെയും നീതിശാസ്ത്രത്തിന്റെയും രചയിതാവായ മഹാനായ ചാണക്യന്റെതാണ് ഈ വരികൾ.  ക്രിസ്തുവിനു മുൻപ് 370-283 കാലഘട്ടത്തിൽ ജീവിച്ചിരുന്ന അദ്ദേഹം, ചന്ദ്രഗുപ്തമൗര്യന്റെ സഭയിലെ പണ്ഡിതനായിരുന്നു.  കൗഡില്യനെന്നും വിഷ്ണുഗുപ്തനെന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.
        ഇതിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് ഞാനൊന്നു പറയട്ടേ.  കമ്പ്യൂട്ടറിന്റെ അടിസ്ഥാനവിഷയങ്ങൾ പഠിപ്പിക്കുമ്പോൾ ഞാൻ പലപ്പോഴും പറയാറുള്ള ഒരു സംഗതിയാണ് ഇത്.   നമ്മുടെ മനസ്സിലുള്ള അറിവുകൾ എത്രയധികം ഉണ്ടെങ്കിലും അത് അത്യാവശ്യ സമയത്ത് ഓർമ്മയിൽ വന്നില്ലെങ്കിൽ അതുകൊണ്ട് ഒരു ഫലവുമില്ല.  മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ വളരെ വേഗത്തിലും കൃത്യതയിലും ചെയ്യുന്നതിനാണ് നാം കമ്പ്യൂട്ടർ രൂപകൽപ്പന ചെയ്തത്.  അപ്പോൾ മനുഷ്യന്റെ രൂപ-ഭാവ സാദൃശ്യങ്ങൾ കമ്പ്യൂട്ടറിലും കാണാം.  നാം ശേഖരിച്ചു വച്ചിരിക്കുന്ന അറിവിനു സമാനമാണ് ഹാർഡ് ഡിസ്കിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ.  പക്ഷേ, അത് ആവശ്യത്തിന് ഓർമ്മയിൽ വന്നാലേ പ്രയോജനമുള്ളൂ.  അതിനാണ് ഓർമ്മശക്തി.  അതിനു സമാനമാണ് കമ്പ്യൂട്ടറിലെ RAM അഥവാ റാൻഡം അക്സസ് മെമ്മറി.  ഹാർഡ് ഡിസ്കിന് എത്രയധികം സംഭരണശേഷിയുണ്ടെങ്കിലും RAM കുറവാണെങ്കിൽ ഒരു പ്രയോജനവുമില്ല.  RAM നെയും ഹാർഡ് ഡിസ്കിനെയും ഓർമ്മയോടും അറിവിനോടും ഉപമിച്ചാൽ ഒരുക്കലും ആശയക്കുഴപ്പം വരില്ല.
പുസ്തേഷു ച യാ വിദ്യ
പരഹസ്തേഷു യ ധനം
ഉല്പന്നേഷു ച കാര്യേഷു
                                   നസാ വിദ്യാ യ തദ്ധനം