മഹത്തായ ഭാരത പൈതൃകത്തിന്റെ അമൂല്യമായ മുത്തുകൾ പെറുക്കി വയ്ക്കാൻ ഒരു എളിയ ശ്രമം

Monday, June 1, 2020

ഭാരതത്തിന്റെ പുരാതനഗ്രന്ഥങ്ങൾ


        നമ്മുടെ ഭാരതത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ അടിത്തറയാണല്ലോ ആദിമകാലം മുതൽക്കേയുള്ള പ്രമാണഗ്രന്ഥങ്ങൾ.  സനാതനധർമ്മത്തിന്റെ അടിസ്ഥാനം അതിന്റെ രണ്ടായിരത്തിലധികം വരുന്ന മൂലഗ്രന്ഥങ്ങളാണ്.  മാനവരാശിയുടെയും ഈ പ്രപഞ്ചത്തിന്റെ തന്നെയും സകല മേഖലകളെയും പ്രതിപാദിക്കുന്നതിനും, അവയെ തലനാരിഴകീറി സമഗ്രമായി അപഗ്രഥിക്കുന്നതിനും വിശദീകരിക്കുന്നതിനും ഒരൊറ്റ ഗ്രന്ഥം മാത്രം പര്യാപ്തമല്ല എന്നതിനാലാവാം നമ്മുടെ ആചാര്യന്മാർ ഇത്രയധികം ഗ്രന്ഥസമ്പത്ത് നമുക്ക് സമ്മാനിച്ചത്. ആധുനിക ശാസ്ത്രത്തിന്റെ സകലമാന കണ്ടെത്തലുകളുടെയും കണ്ടുപിടുത്തങ്ങളുടെയും (Discoveries and Inventions) അടിസ്ഥാനം ഈ ഗ്രന്ഥങ്ങൾ തന്നെയാണന്ന് നിസ്സംശയം പറയാം.  2000 ലേറെ മൂലഗ്രന്ഥങ്ങളും അവയുടെ പതിനായിരത്തിലധികം സംസ്കൃത വ്യാഖ്യാനങ്ങളും പല ഭാഷകളിലായി അവയുടെ ലക്ഷക്കണക്കിന് ഉപാഖ്യാനങ്ങളും നമുക്ക് എക്കാലത്തും ശരിയായ മാർഗനിർദ്ദേശം തരുന്നു.  ആയിരക്കണക്കിന് ആചാര്യന്മാർ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് വിഷയങ്ങളിൽ സമഗ്രമായ പഠനവും അനുഭവവും കൊണ്ട് രചിച്ചതാണ് ഇവയൊക്കെ.
           അടിസ്ഥാനപരമായി ഈ ഗ്രന്ഥങ്ങളെ വേദങ്ങൾ, ഇതിഹാസങ്ങൾ പുരാണങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നിവയാണ് ചതുർവേദങ്ങൾ.  വേദങ്ങൾ അനാദിയാണ്; അവ എത്രനാൾ മുൻപ് രചിക്കപ്പെട്ടു എന്ന് ആർക്കും അറിയില്ല. വേദങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് മാനവരാശിയ്ക്കു ആവശ്യമായ ശാശ്വതമൂല്യങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങളാണ്.  അതിൽ വിവരണങ്ങളോ കഥകളോ ഇല്ല, പാപപുണ്യങ്ങളെക്കുറിച്ചോ ശരിതെറ്റുകളെക്കുറിച്ചോ പ്രത്യക്ഷമായ പരാമർശങ്ങളില്ല.  വേദങ്ങൾ മുഴുവൻ അറിവുകളാണ്. ഏറ്റവും അറിവും വിവേകവുമുള്ളവർക്ക് അവ അപഗ്രഥിച്ച് അവയിൽ നിന്ന് ജ്ഞാനം ആർജ്ജിക്കാം.  അതിനാലാണത്രേ വേദങ്ങൾ  ബ്രാഹ്മണർക്കേ പഠിക്കാവൂ എന്ന് പറയുന്നത്.  ബ്രാഹ്മണനെന്നാൽ മാതാപിതാക്കൾ ബ്രാഹ്മണരായവരല്ല; അറിവിലും വിവേകത്തിലും അത്രയും ഉന്നതതലത്തിലെത്തിയവരാണ്, അവർ കർമ്മത്തിലൂടെയാണ് ആ സ്ഥാനത്തിലെത്തുന്നത് അല്ലാതെ ജനനത്തിലൂടെയല്ല. വേദങ്ങളെഴുതിയതുതന്നെ വിശ്വാമിത്രകുലത്തിൽപ്പെട്ട അബ്രാഹ്മണരായ ഋഷിമാരാണ്.  ഋഗ്വേദത്തിന് ആധികാരികത  ലഭിച്ച ഭാഷ്യം രചിച്ച ഐതരേയൻ  മൺപാത്രനിർമ്മാണം നടത്തുന്ന കുലാലവംശത്തിൽ പിറന്ന ആളാണ്.  വേദങ്ങൾ ക്രോഡീകരിച്ച വേദവ്യാസൻ മുക്കുവവംശത്തിലാണ് പിറന്നത്. അതായത്,  ബ്രാഹ്മണർക്കേ പഠിക്കാവൂ എന്നല്ല; പഠിച്ചാലേ ബ്രാഹ്മണരാകൂ എന്നാതാണ് ശാസ്ത്രം - 'ബ്രഹ്മജ്ഞാനേന ഏവ ബ്രാഹ്മണഃ'. വളരെ ശാസ്ത്രീയമായാണ് വേദരചന നിർവ്വഹിച്ചിരിക്കുന്നത്.  ഉച്ചാരണത്തിൽ പോലും കൃത്യത പാലിച്ചാലേ അതിന്റെ ശരിയായ ആശയം ഗ്രഹിക്കാനാകൂ. ഉദാത്തം, അനുദാത്തം, സ്വരിതം, രേഭം, ഹ്രസ്വം, പ്രചേയം, അനുനാസികം, കമ്പം, ദീർഘകമ്പം, പ്ലതം എന്നിങ്ങനെ പത്ത് ശ്രുതികളിലാണ് വേദമന്ത്രങ്ങൾ ഉച്ചരിക്കുന്നത്. അതിനാൽ വേദങ്ങൾ ഗുരുമുഖത്തുനിന്നു തന്നെ പഠിക്കണം.
        ഇതിഹാസങ്ങൾ കഥകളുടെയും സംഭവങ്ങളുടെയും  രൂപത്തിൽ സന്ദേശങ്ങളും അവയിലെ നന്മയും തിന്മയും വേർതിരിച്ച് കാട്ടിത്തരുന്നു.  എന്നാൽ ഏത് സ്വീകരിക്കണമെന്ന നിർദ്ദേശമൊന്നും തന്നെ അവയിലില്ല.  നമ്മുടെ വിവേകത്തിനനുസരിച്ച് നമുക്ക് നല്ലതെന്ന്  തോന്നുന്നത് ഉൾക്കൊള്ളാം.  അതിന്റെ സൃഷ്ടാക്കൾ ഒരിക്കലും ഇത് നന്മ, ഇത് തിന്മ എന്ന് പറഞ്ഞു തരുന്നില്ല.  രാമായണവും മഹാഭാരതവുമാണല്ലോ നമ്മുടെ ഇതിഹാസങ്ങൾ.  അതിൽ മഹാഭാരതത്തെ പഞ്ചമവേദം എന്ന് പറയുന്നു.  മഹാഭാരതത്തിൽ നിന്നും വന്ന ഉപശാഖകളാണ് ഭഗവത്ഗീതയും ഭാഗവതവും ഒക്കെ.
     എന്നാൽ മനുഷ്യ സമൂഹത്തിൽ ഏറ്റവും ജ്ഞാനികളായ പണ്ഡിതന്മാരും, കുറെയൊക്കെ അറിവുള്ളവരും പിന്നെ വളരെ സാധാരണക്കാരും ഉണ്ടല്ലോ.  അതിൽ ഏറ്റവും സാധാരണക്കാർക്കായി രചിച്ചിട്ടുള്ളവയാണത്രേ പുരാണങ്ങളും പുരാണകഥകളും. സത്ഗുരുക്കന്മാരുടെയെല്ലാം  വാക്കുകളിൽ അവ നല്ല സന്ദേശങ്ങളിലേയ്ക്കുള്ള വിരൽചൂണ്ടികളാണ്, ലക്ഷ്യത്തിലേയ്ക്കുള്ള വഴികളാണ്.  ഉദാഹരണത്തിന് ഒരു നല്ല മാങ്ങ കാണുമ്പോൾ, അതാ അവിടെ ഒരു നല്ല മാങ്ങ എന്ന് വിരൽ ചൂണ്ടി പറയുന്നു.  ആ മാങ്ങ കിട്ടാനായി വിരലിൽ കയറി പിടിച്ചാൽ പറ്റില്ല; വിരൽ ഒരു വഴികാട്ടി മാത്രമാണ്. അത് കാണിച്ചു തരുന്ന കാര്യം മാത്രം ശ്രദ്ധിക്കണം.  അതിനാൽ അതിന്റെ ലക്ഷ്യങ്ങൾ എടുത്ത് കഥകൾ മറക്കുക.  പുരാണങ്ങളെ  ചരിത്രമായി വ്യാഖ്യാനിക്കാതിരിക്കണം.  അവയിലെ  കഥകൾ നടന്നതാണോ അല്ലയോ എന്നതിലുപരി അവ നൽകുന്ന സന്ദേശങ്ങൾ,  ഗുണപാഠങ്ങൾ, തത്വങ്ങൾ തുടങ്ങിയവയാണ് ഉൾക്കൊള്ളേണ്ടത്.  പുരാണങ്ങളുടെ സൃഷ്ടാക്കൾ തന്നെ അവയിലെ ന്യായാന്യാനങ്ങളും നന്മതിന്മകളും ഒക്കെ പറഞ്ഞു തരുന്നു.  ഇതിഹാസങ്ങളിലെ പല പരാമർശങ്ങളും കഥകളായും ഉപകഥകളായും പുരാണത്തിൽ നിറയുന്നു. 
      ഈ കഥകളിൽ ഒട്ടുമിക്കതും പ്രതീകാത്മകവും കാൽപനികവുമാണ്.  ഇതിൽ യുക്തി തിരയരുത്, ഇതിലെ സന്ദേശങ്ങളും ഗുണപാഠങ്ങളും തത്വങ്ങളും കൗതുകങ്ങളും ഉൾക്കൊള്ളാൻ ശ്രമിക്കാം
           

Thursday, February 7, 2013

ഗണപതി സൂക്തം



ഗണപതി സൂക്തം
ഋഗ്വേദം മണ്ഡലം 2, സൂക്തം 23, മന്ത്രം 1-19




ഗണാനാം ത്വാ ഗണപതിം ഹവാമഹേ

കവീം കവീനാമുപമശ്രവസ്തമം

ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത്

ആനഃ ശൃണ്വൻ ഊതിഭിഃ സീനസാദനം



ഋഷി :- ശൃത്സമദഃ ദേവത:- ബ്രഹ്മണസ്പതിഃ ഛന്ദഃ :- ജഗതി
അന്വയം
          ഹേ, ബ്രഹ്മണസ്പതേ ഗണാനാം ഗണപതീം കവീനാം കവീം ഉപമശ്രവഃതമം ബ്രഹ്മണാം ത്വാ ഹവാ മഹേ,  നഃ ശൃണ്വൻ ഊതിഭിഃ സാദനം ആസീദ

അർത്ഥം
          ഹേ ബ്രഹ്മണസ്പതേ, അങ്ങ് ഗണങ്ങളുടെ ഗണപതിയും കവികളുടെ കവിയും അത്യന്തം യശസ്വിയും ശ്രേഷ്ഠനും തേജസ്വിയും ആകുന്നു.  അങ്ങയെ ഞങ്ങൾ സഹായാർത്ഥം വിളിക്കുന്നു.  ഞങ്ങളുടെ സ്തുതിയെ കേട്ടിട്ട് ഭക്ഷണസാധനങ്ങളോടുകൂടി ഞങ്ങളുടെ ഗൃഹത്തിൽ വന്നിരുന്നാലും.

ഭാഷ്യം
          ഈ മന്ത്രത്തിന്റെ ദേവത അഥവാ പ്രതിപാദ്യവിഷയം ബ്രഹ്മണസ്പതിയാണ്. ഇവിടെ ബ്രഹ്മശബ്ദം വേദത്തെക്കുടിയ്ക്കുന്നു.  വേദത്തിന്റെ പാലകനും ഉപാസകനുമാണ് ബ്രഹ്മണസ്പതി.  ആ ബ്രഹ്മണസ്പതി എങ്ങനെയുള്ളവനാണ്?  പ്രഥമവിശേഷണം ഗണാനാം ഗണപതി എന്നാണ്.  ‘ഗണ് – സംഖ്യാനേ’ എന്ന ധാതുവിൽ നിന്നാണ് ഗണശബ്ദമുണ്ടാവുന്നത്.  എണ്ണൽ ആണ് ഗണനം.  ഒന്നിൽ കൂടുതലുള്ള പദാർഥങ്ങളെയേ എണ്ണാൻ പറ്റുകയുള്ളൂ.  അതായത് ഗണം അനേകങ്ങളുടെ കൂട്ടമാണ്, അഥവാ സംഘാതമാണ്.  പരമാണുക്കളുടെ സംഘാതമാണ് ഈ ജഗത്തിലെ ഓരോ പദാർഥങ്ങളും.  അങ്ങനെയുള്ള പദാർഥങ്ങളുടെ സമൂഹമാണ് പ്രപഞ്ചം.  പ്രപഞ്ചത്തിന്റെ പമ്ലകനും പോഷകനും നിയന്താവുമാണ് ഗണപതി.  (ഗജാനനനായ ഗണപതിയെ കുറിക്കുന്നതല്ല ഈ മന്ത്രം.  കാരണം, ഗണപതി ശബ്ദത്തിന് ഗജാനനനെന്നർത്ഥമില്ല.  ശബ്ദാഭിരൂപം മൂലം ഗജമുഖനെ ഉപാസിക്കുന്നതിയായി ഈ മന്ത്രം ഉപയോഗിക്കുന്നുവെന്നു മാത്രം).  സകല അറിവിന്റെയും ഉറവും ഉറവിടവുമായ ബ്രഹ്മണസ്പതിയുടെ മറ്റൊരു പേരാണ് അഥവാ വിശേഷണമാണ് ഗണപതി.
           ബ്രഹ്മണസ്പതി ‘കവീനാം കവി’യാണ്.  ഈശ്വരൻ കവിയാണ് – ക്രാന്തദർശിയാണ്.  അനേകം കവികളിൽ - ജ്ഞാനികളിൽ വച്ച് ഉത്തമനായ കവിയാണ്, ബ്രഹ്മണസ്പതി.  പശ്യദേവസ്യ കാവ്യം നമമാരനജീര്യതി. (അഥർവ്വം) സാധാരണ കവികളുടെ കാവ്യം ചിരസ്ഥായിയല്ല.  ഈശ്വരന്റെ കീർത്തിയോട് ഉപമിക്കാൻ മറ്റൊരു കീർത്തിയില്ല.  മാത്രമല്ല ജ്യേഷ്ഠരാജനാണ്.  ജ്ഞാനം, കർമ്മം, ബലം എന്നിവയിൽ ഈശ്വരൻ ചൊരിയുന്ന പ്രകാശം ജ്യേഷ്ഠമാണ് – പക്വമാണ്.  അതിനാൽ ശ്രേഷ്ഠതേജസ്വിയാണ്.  മാത്രമല്ല മന്ത്രങ്ങളുടെ സ്വാമിയുമാണ്.  അങ്ങനെയുള്ള അങ്ങയെ ഞങ്ങൾ സഹായാർത്ഥം വിളിക്കുന്നു.  ഞങ്ങളുടെ സ്തുതികൾ കേൾക്കുന്നവനായ അങ്ങ് ഞങ്ങളുടെ സംരക്ഷയ്ക്കായി  ഞങ്ങളുടെ ഗൃഹത്തിൽ വന്നിരുന്നാലും. 
 

Wednesday, April 11, 2012

ആവശ്യത്തിനുപകരിക്കാത്ത വിജ്ഞാനം



ഗ്രന്ഥത്തിന്റെ ഏടുകളിൽ കാണുന്ന വിജ്ഞാനവും
അന്യന്റെ പണപ്പെട്ടിയിലെ ധനവും
ഉപയോഗശൂന്യം തന്നെ
ഈ വിജ്ഞാനം ആവശ്യം വരുമ്പോൾ ഓർമ്മ വരില്ല
ഈ ധനം ആവശ്യം വരുമ്പോൾ ഉപകാരപ്പെടുകയുമില്ല
         പ്രായോഗിക ജീവിതത്തിൽ എപ്പോഴും ഓർത്തിരിക്കേണ്ട കാര്യമാണിത്.   വിജ്ഞാനത്തിന്റെ ധർമ്മം പ്രയോഗത്തിൽ ഉപയോഗപ്പെടുകയെന്നതാണ്.  അറിവ് എത്രയധികം ഉണ്ടെങ്കിലും ആവശ്യമുള്ള സമയത്ത് ഓർമ്മയിൽ വന്നില്ലെങ്കിൽ അത് പ്രയോജനപ്പെടുകയില്ലല്ലോ.  അതുപോലെ തന്നെയാണ് കൂട്ടിവച്ചിരിക്കുന്ന ധനവും അന്യന്റെ കൈയിലിരിക്കുന്ന ധനവും. 
    അർത്ഥശാസ്ത്രത്തിന്റെയും നീതിശാസ്ത്രത്തിന്റെയും രചയിതാവായ മഹാനായ ചാണക്യന്റെതാണ് ഈ വരികൾ.  ക്രിസ്തുവിനു മുൻപ് 370-283 കാലഘട്ടത്തിൽ ജീവിച്ചിരുന്ന അദ്ദേഹം, ചന്ദ്രഗുപ്തമൗര്യന്റെ സഭയിലെ പണ്ഡിതനായിരുന്നു.  കൗഡില്യനെന്നും വിഷ്ണുഗുപ്തനെന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.
        ഇതിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് ഞാനൊന്നു പറയട്ടേ.  കമ്പ്യൂട്ടറിന്റെ അടിസ്ഥാനവിഷയങ്ങൾ പഠിപ്പിക്കുമ്പോൾ ഞാൻ പലപ്പോഴും പറയാറുള്ള ഒരു സംഗതിയാണ് ഇത്.   നമ്മുടെ മനസ്സിലുള്ള അറിവുകൾ എത്രയധികം ഉണ്ടെങ്കിലും അത് അത്യാവശ്യ സമയത്ത് ഓർമ്മയിൽ വന്നില്ലെങ്കിൽ അതുകൊണ്ട് ഒരു ഫലവുമില്ല.  മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ വളരെ വേഗത്തിലും കൃത്യതയിലും ചെയ്യുന്നതിനാണ് നാം കമ്പ്യൂട്ടർ രൂപകൽപ്പന ചെയ്തത്.  അപ്പോൾ മനുഷ്യന്റെ രൂപ-ഭാവ സാദൃശ്യങ്ങൾ കമ്പ്യൂട്ടറിലും കാണാം.  നാം ശേഖരിച്ചു വച്ചിരിക്കുന്ന അറിവിനു സമാനമാണ് ഹാർഡ് ഡിസ്കിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ.  പക്ഷേ, അത് ആവശ്യത്തിന് ഓർമ്മയിൽ വന്നാലേ പ്രയോജനമുള്ളൂ.  അതിനാണ് ഓർമ്മശക്തി.  അതിനു സമാനമാണ് കമ്പ്യൂട്ടറിലെ RAM അഥവാ റാൻഡം അക്സസ് മെമ്മറി.  ഹാർഡ് ഡിസ്കിന് എത്രയധികം സംഭരണശേഷിയുണ്ടെങ്കിലും RAM കുറവാണെങ്കിൽ ഒരു പ്രയോജനവുമില്ല.  RAM നെയും ഹാർഡ് ഡിസ്കിനെയും ഓർമ്മയോടും അറിവിനോടും ഉപമിച്ചാൽ ഒരുക്കലും ആശയക്കുഴപ്പം വരില്ല.
പുസ്തേഷു ച യാ വിദ്യ
പരഹസ്തേഷു യ ധനം
ഉല്പന്നേഷു ച കാര്യേഷു
                                   നസാ വിദ്യാ യ തദ്ധനം

Wednesday, March 28, 2012

ഗുരു അഷ്ടകം


      ഭാരതീയ സംസ്കാരത്തിൽ ഗുരുവിന് ദൈവത്തേക്കാൾ ഉയർന്ന സ്ഥാനമാണുള്ളത്.  മാതാ, പിതാ, ഗുരു, ദൈവം എന്നതാണല്ലോ ശ്രേഷ്ഠമായ തത്വം. 
ഗുരൂർ ബ്രഹ്മ, ഗുരൂർ വിഷ്ണു, 
ഗുരൂർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മൈശ്രീ ഗുരവേ നമഃ
 ജഗത്ഗുരു ശ്രീ ശങ്കരാചാര്യരുടെ ഈ മന്ത്രം വളരെയേറെ അർത്ഥതലങ്ങളുള്ളതാണ്.  മഹാനായ കബീർ ഈ മന്ത്രത്തിന്റെ സ്വാധീനം ഇങ്ങനെ വ്യക്തമാക്കുന്നു, “ദൈവവും ഗുരുവും എന്റെ മുൻപിൽ ഒരേ സമയം പ്രത്യക്ഷപ്പെട്ടാൽ ഞാൻ ആദ്യം ഗുരുവിനെ വണങ്ങും.  കാരണം  ദൈവത്തെ എനിക്ക് കാണിച്ചു തന്നത് എന്റെ ഗുരുവാണ്". 
അജ്ഞതയാകുന്ന അന്ധകാരം നമ്മിൽ നിന്ന് അകറ്റുന്ന വ്യക്തിയെ ഗുരുവെന്ന് കരുതാം. “ ‘ഗു’ ശബ്ദമന്ധകാരം താൻ, ‘രു’ ശബ്ദം തന്നിരോധകം”.  പിതാവ്, മാതാവ്, വിദ്യോപദേഷ്ടാവ്, ജ്യേഷ്ടഭ്രാതാവ്, ഭർത്താവ് എന്ന് ഗുരുക്കൾ അഞ്ചു വിധമത്രേ.  ഇന്നത്തെ കാലഘട്ടത്തിൽ പലരും കാണുന്നതുപോലെ കേവലം അധ്യാപനം മാത്രമല്ല യഥാർത്ഥ ഗുരുവിന്റെ ധർമ്മം.  തന്റെ ശിഷ്യരുടെ വ്യക്തിത്വരൂപീകരണം മുതൽ ഗുരുവിന്റെ സ്വാധീനം ഉണ്ടായിരുന്നു.  ഇന്ന് സമൂഹത്തിൽ കാണുന്ന പല അധർമ്മങ്ങൾക്കും കാരണം ‘ഗുരുത്വമില്ലായ്മ’ തന്നെ.
ജഗത്ഗുരു ശ്രീ ശങ്കരാചാര്യർ രചിച്ച ഗുരു അഷ്ടകം ഗുരുവിന്റെ മഹത്വം എക്കാലവും നിലനിൽക്കുന്ന തരത്തിൽ വർണ്ണിക്കുന്നുണ്ട്.  ജീവിതത്തിൽ പല കാര്യങ്ങളിലും വഴികാട്ടിയും ഒരുപാട് സ്നേഹത്തോടെ ഉപദേശങ്ങൾ നൽകുകയും സന്മാർഗ്ഗം കാട്ടിത്തരുകയും ചെയ്യുന്ന യഥാർത്ഥ ഗുരുസ്ഥാനീയയായി ഞാൻ കാണുന്ന എന്റെ പ്രിയപ്പെട്ട ഉഷാമ്മയ്ക്ക്(കിലുക്കാംപെട്ടി) പ്രാർത്ഥനയോടെ, സ്നേഹത്തോടെ, ആദരവോടെ സമർപ്പിക്കട്ടേ..

Sareeram suroopam thadha va kaathram,
Yasacharu chithram dhanam meru thulyam,
Manaschenna lagnam Gurorangri padme,
Thatha kim Thatha Kim, Thatha kim Thatha kim.
സുന്ദരമായ ശരീരവും സുന്ദരിയായ ഭാര്യയും
കീർത്തിയും പേരും പെരുമയും കുന്നോളം ധനവും എല്ലാം ഉണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
Kalathram Dhanam puthrapothradhi sarvam,
Gruham Bandhavam Sarvamethadhi jatham,
Manaschenna lagnam Gurorangri padme,
Thatha kim Thatha Kim, Thatha kim Thatha kim.
ഭാര്യയും, സ്വത്തും, മക്കളും പേരക്കുട്ടികളും
വീടും, ബന്ധങ്ങളും ഉള്ള ഉന്നതകുലജാതനായാലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
Shadangadhi vedo Mukhe sasra vidhya ,
Kavithwadhi gadhyam , supadhyam karothi,
Manaschenna lagnam Gurorangri padme,
Thatha kim Thatha Kim, Thatha kim Thatha kim.
ഷഡ്അംഗങ്ങളിലും ചതുർവേദങ്ങളിലും പ്രാവീണ്യമുള്ളവനും
വാക്യ-കാവ്യ രചനാ നിപുണനാണെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
Videseshu manya, swadeseshu danya,
Sadachara vrutheshu matho na cha anya,
Manaschenna lagnam Gurorangri padme,
Thatha kim Thatha Kim, Thatha kim Thatha kim.
വിദേശങ്ങളിൽ മാന്യതയും, സ്വദേശത്ത് സമ്പന്നതയും
ജീവിതത്തിലും നന്മയിലും അഗ്രജനെന്നാകിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
Kshma mandale bhoopa bhoopala vrundai,
Sada sevitham yasya padaravindam,
Manaschenna lagnam Gurorangri padme,
Thatha kim Thatha Kim, Thatha kim Thatha kim.
മഹത്ദേശങ്ങളുടെ അധിപനെങ്കിലും
രാജാക്കന്മാരും മഹാരാജാക്കന്മാരും സേവിക്കാനുണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
Yaso me gatham bikshu dana prathapa,
Jagadwathu sarvam kare yah prasdath,
Manaschenna lagnam Gurorangri padme,
Thatha kim Thatha Kim, Thatha kim Thatha kim.
യശസ്സ് ലോകമെങ്ങും വ്യാപിച്ചാലും
നിന്റെ കാരുണ്യവും പ്രശസ്തിയും മൂലം ലോകം മുഴുവൻ ഒപ്പമുണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
Na Bhoge, na yoge, Na vaa vajirajou,
Na kantha sukhe naiva vitheshu chitham,
Manaschenna lagnam Gurorangri padme,
Thatha kim Thatha Kim, Thatha kim Thatha kim.
ഭോഗത്തിലും യോഗത്തിലും ആസക്തിയില്ലെങ്കിലും
അശ്വസമ്പത്തിലും സുന്ദരിയായ ഭാര്യയിലും അടിമയല്ലെന്നാകിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
Aranye na vaa swasya gehe na karye,
Na dehe mano varthathemath vanarghye,
Manaschenna lagnam Gurorangri padme,
Thatha kim Thatha Kim, Thatha kim Thatha kim.
ആരണ്യകത്തിൽ ജീവിക്കാനായി മനസ്സിന്റെ വശ്യത നഷ്ടപ്പെട്ടെങ്കിലും
ഗൃഹസ്ഥാശ്രമത്തിലും മറ്റ് കർമ്മങ്ങളിലും താത്പര്യം നഷ്ടപ്പെട്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?
ഫലശ്രുതി
Guror ashtakam ya padeth punya dehi,
Yathir bhoopathir , brahmacharee cha gehi,
Labeth vanchithartham padam brahma samgnam,
Guruor uktha vakye,mano yasya lagnam
ഫലശ്രുതി
ഗുരോരഷ്ടകം വായിക്കുകയും പഠിക്കുകയും ചൊല്ലുകയും
ഗുരുവിന്റെ വാക്കുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുന്നവൻ
രാജാവായാലും യോഗിയായാലും ബ്രഹ്മചാരിയായാലും ഗൃഹസ്ഥനായാലും
അവന്റെ മനസ്സ് ഗുരുവചനങ്ങൾ അനുസരിക്കുന്നവനാണെങ്കിൽ
അവന് അത്യുന്നതമായ ബ്രഹ്മജ്ഞാനം ആർജ്ജിക്കാൻ കഴിയും