നമ്മുടെ ഭാരതത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ അടിത്തറയാണല്ലോ ആദിമകാലം
മുതൽക്കേയുള്ള പ്രമാണഗ്രന്ഥങ്ങൾ. സനാതനധർമ്മത്തിന്റെ അടിസ്ഥാനം അതിന്റെ
രണ്ടായിരത്തിലധികം വരുന്ന മൂലഗ്രന്ഥങ്ങളാണ്. മാനവരാശിയുടെയും ഈ
പ്രപഞ്ചത്തിന്റെ തന്നെയും സകല മേഖലകളെയും പ്രതിപാദിക്കുന്നതിനും, അവയെ തലനാരിഴകീറി സമഗ്രമായി അപഗ്രഥിക്കുന്നതിനും വിശദീകരിക്കുന്നതിനും
ഒരൊറ്റ ഗ്രന്ഥം മാത്രം പര്യാപ്തമല്ല എന്നതിനാലാവാം നമ്മുടെ ആചാര്യന്മാർ ഇത്രയധികം
ഗ്രന്ഥസമ്പത്ത് നമുക്ക് സമ്മാനിച്ചത്. ആധുനിക
ശാസ്ത്രത്തിന്റെ സകലമാന കണ്ടെത്തലുകളുടെയും കണ്ടുപിടുത്തങ്ങളുടെയും (Discoveries
and Inventions) അടിസ്ഥാനം ഈ ഗ്രന്ഥങ്ങൾ തന്നെയാണന്ന് നിസ്സംശയം
പറയാം. 2000 ലേറെ മൂലഗ്രന്ഥങ്ങളും അവയുടെ
പതിനായിരത്തിലധികം സംസ്കൃത വ്യാഖ്യാനങ്ങളും പല ഭാഷകളിലായി അവയുടെ ലക്ഷക്കണക്കിന്
ഉപാഖ്യാനങ്ങളും നമുക്ക് എക്കാലത്തും ശരിയായ മാർഗനിർദ്ദേശം തരുന്നു. ആയിരക്കണക്കിന്
ആചാര്യന്മാർ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് വിഷയങ്ങളിൽ സമഗ്രമായ
പഠനവും അനുഭവവും കൊണ്ട് രചിച്ചതാണ് ഇവയൊക്കെ.

ഇതിഹാസങ്ങൾ കഥകളുടെയും
സംഭവങ്ങളുടെയും രൂപത്തിൽ സന്ദേശങ്ങളും അവയിലെ നന്മയും
തിന്മയും വേർതിരിച്ച് കാട്ടിത്തരുന്നു. എന്നാൽ ഏത്
സ്വീകരിക്കണമെന്ന നിർദ്ദേശമൊന്നും തന്നെ അവയിലില്ല. നമ്മുടെ
വിവേകത്തിനനുസരിച്ച് നമുക്ക് നല്ലതെന്ന് തോന്നുന്നത് ഉൾക്കൊള്ളാം. അതിന്റെ
സൃഷ്ടാക്കൾ ഒരിക്കലും ഇത് നന്മ, ഇത് തിന്മ എന്ന് പറഞ്ഞു
തരുന്നില്ല. രാമായണവും മഹാഭാരതവുമാണല്ലോ നമ്മുടെ
ഇതിഹാസങ്ങൾ. അതിൽ
മഹാഭാരതത്തെ പഞ്ചമവേദം എന്ന് പറയുന്നു.
മഹാഭാരതത്തിൽ നിന്നും വന്ന ഉപശാഖകളാണ് ഭഗവത്ഗീതയും ഭാഗവതവും
ഒക്കെ.
എന്നാൽ മനുഷ്യ സമൂഹത്തിൽ
ഏറ്റവും ജ്ഞാനികളായ പണ്ഡിതന്മാരും, കുറെയൊക്കെ അറിവുള്ളവരും പിന്നെ
വളരെ സാധാരണക്കാരും ഉണ്ടല്ലോ. അതിൽ ഏറ്റവും
സാധാരണക്കാർക്കായി രചിച്ചിട്ടുള്ളവയാണത്രേ പുരാണങ്ങളും പുരാണകഥകളും.
സത്ഗുരുക്കന്മാരുടെയെല്ലാം വാക്കുകളിൽ അവ നല്ല സന്ദേശങ്ങളിലേയ്ക്കുള്ള
വിരൽചൂണ്ടികളാണ്, ലക്ഷ്യത്തിലേയ്ക്കുള്ള വഴികളാണ്. ഉദാഹരണത്തിന്
ഒരു നല്ല മാങ്ങ കാണുമ്പോൾ, ‘അതാ അവിടെ ഒരു നല്ല മാങ്ങ’ എന്ന് വിരൽ ചൂണ്ടി പറയുന്നു. ആ
മാങ്ങ കിട്ടാനായി വിരലിൽ കയറി പിടിച്ചാൽ പറ്റില്ല; വിരൽ ഒരു
വഴികാട്ടി മാത്രമാണ്. അത് കാണിച്ചു തരുന്ന കാര്യം മാത്രം ശ്രദ്ധിക്കണം. അതിനാൽ
അതിന്റെ ലക്ഷ്യങ്ങൾ എടുത്ത് കഥകൾ മറക്കുക. പുരാണങ്ങളെ ചരിത്രമായി
വ്യാഖ്യാനിക്കാതിരിക്കണം. അവയിലെ കഥകൾ
നടന്നതാണോ അല്ലയോ എന്നതിലുപരി അവ നൽകുന്ന സന്ദേശങ്ങൾ, ഗുണപാഠങ്ങൾ,
തത്വങ്ങൾ തുടങ്ങിയവയാണ് ഉൾക്കൊള്ളേണ്ടത്. പുരാണങ്ങളുടെ
സൃഷ്ടാക്കൾ തന്നെ അവയിലെ ന്യായാന്യാനങ്ങളും നന്മതിന്മകളും ഒക്കെ പറഞ്ഞു തരുന്നു. ഇതിഹാസങ്ങളിലെ പല പരാമർശങ്ങളും
കഥകളായും ഉപകഥകളായും പുരാണത്തിൽ നിറയുന്നു.
ഈ കഥകളിൽ ഒട്ടുമിക്കതും പ്രതീകാത്മകവും
കാൽപനികവുമാണ്. ഇതിൽ യുക്തി തിരയരുത്, ഇതിലെ സന്ദേശങ്ങളും ഗുണപാഠങ്ങളും തത്വങ്ങളും കൗതുകങ്ങളും ഉൾക്കൊള്ളാൻ
ശ്രമിക്കാം…